ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന നാടകം ജനം മനസിലാക്കും. ദുരുദ്ദേശത്തോടെ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തിട്ടില്ല. വഴിവിട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നിയമം പിണറായിയുടെ വഴിയേ പോകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ആര്‍ഡിഎസ് എന്ന കമ്പനി ഇപ്പോഴും ഇവിടെ ഉണ്ട്. കമ്പനിയെ എന്തുകൊണ്ട് കരിമ്പട്ടികയില്‍ പെടുത്തിയില്ല. ഇടത് മുന്നണി നേരിടുന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമമാണിതെന്നും ചെന്നിത്തല പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസ് സര്‍ക്കാരിന് തന്നെ തിരിച്ചടിയാവും. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം 30 ശതമാനം നടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. പാലം നിര്‍മിച്ച കമ്പനി അഴിമതി നടത്തിയെങ്കില്‍ വീണ്ടും അതേ കമ്പനിക്ക് തന്നെ ഈ സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നത് എന്തുകൊണ്ടാണെന്നും അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് എന്താണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണ് ഇബ്രാഹിംകുഞ്ഞിന്റേതെന്ന് മുസ്ലിം ലീഗും പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ പറഞ്ഞതിനനുസരിച്ച് ലിസ്റ്റ് ഇട്ട് അറസ്റ്റ് ചെയ്യുകയാണ്. മുന്‍പ് വിശദമായ അന്വേഷണം നടന്നപ്പോള്‍ അറസ്റ്റില്ലായിരുന്നു. അന്വേഷണം കഴിഞ്ഞു കുറേ കാലത്തിന് ശേഷം അറസ്റ്റ് ചെയ്യുന്നു. സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തില്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തിയ നാടകമാണിതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി കിടക്കയില്‍ വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന.


