പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രേരിതവും നാണംകെട്ട നടപടിയുമെന്ന് മുസ്ലിം ലീഗ്. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്നും കുറ്റപത്രം നല്‍കാറായ കേസില്‍ അറസ്റ്റ് കേട്ടുകേഴ്വിയില്ലാത്തതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കം ലീഗ് തുറന്നുകാട്ടും. തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നാണ് ലീഗ് ആരോപിക്കുന്നത്. ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കിയെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നടപടി സര്‍ക്കാരിനെ തിരിച്ചടിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അറസ്റ്റ് ആവശ്യമില്ലാത്ത കേസാണെന്നും ഇപ്പോള്‍ സര്‍ക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്നങ്ങളും ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അറസ്റ്റിനായി രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങള്‍ ചേര്‍ന്നുവെന്നും, നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. ഇടത് മുന്നണി നീക്കത്തിനെതിരെ വ്യാപക പ്രചരണം നടത്താനാണ് ലീഗിന്റെ തീരുമാനം.
10.28 ന് ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിച്ചതോടെ വനിതാപൊലീസിനെയടക്കം വരുത്തി വിജിലന്‍സ് സംഘം വീട് പരിശോധിച്ചു. മുന്‍കൂര്‍ ജാമ്യത്തിനും ഇബ്രാഹിംകുഞ്ഞ് നീക്കം തുടങ്ങി. എന്നാല്‍ ആശുപത്രിയിലെത്തിയ വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇബ്രാഹിംകുഞ്ഞിനു ചികിത്സ ആവശ്യമെന്നു ഡോക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ തന്നെ തുടര്‍ന്നേക്കും. ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമാണിതെന്ന് പി.ടി തോമസ് പ്രതികരിച്ചു. ഇതിനെ യുഡിഎഫ് ചെറുക്കും. പുകമറ സൃഷ്ടിക്കാനുള്ള നീക്കമെന്നും പി.ടി.തോമസ് ആരോപിച്ചു.


