കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം അടുത്തയാഴ്ച അവസാനം ഉണ്ടാകും. ഇത് സംബന്ധിച്ച് വ്യാഴാഴ്ച എല്‍ഡിഎഫ് യോഗം ചേരാന്‍ സിപിഐഎം, സിപിഐ ഉഭയ കക്ഷി ചര്‍ച്ചയില്‍ ധാരണയായി. ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.
ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശത്തിലെ പ്രധാന കടമ്പകള്‍ സിപിഐഎം, സിപിഐ ചര്‍ച്ചയോടെ പൂര്‍ത്തിയായി. അതേസമയം പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപി അയഞ്ഞിട്ടുമില്ല. നിലവിലെ സ്ഥിതി അനുസരിച്ച് വ്യാഴ്്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിന്റെ അംഗീകാരത്തോടെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
പുതിയതായി വരുന്ന പാര്‍ട്ടികളെ ആദ്യം സഹകരിപ്പിച്ച ശേഷം ഘടക കക്ഷിയാക്കുകയാണ് മുന്നണിയില്‍ പതിവ്. എന്നാല്‍ ജോസ് വിഭാഗത്തെ നേരിട്ട് ഘടകക്ഷിയാക്കണമെന്ന നിലപാടിലാണ് സിപിഐഎം. എന്നാല്‍ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് നിലവിലെ ചോദ്യം.
എകെജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ജോസ് വിഭാഗത്തിന്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്നായിരുന്നു യോഗത്തില്‍ കാനം രാജേന്ദ്രന്റെ നിലപാട്. ബുധനാഴ്ച ചേരുന്ന സിപിഐഎം നിര്‍വാഹക സമിതി യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യും. അതിന് ശേഷം വ്യക്തമായ നിലപാട് എല്‍ഡിഎഫ് യോഗത്തില്‍ അറിയിക്കാമെന്നും കാനം രാജേന്ദ്രന് അറിയിച്ചു. നിയമ സഭാ സീറ്റുകളുമായി ബന്ധപ്പെട്ട വിഷയം ഉഭയ കക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്നതുമില്ല.


