ന്യൂഡല്‍ഹി: 2025 ഓടെ ഭാരതത്തെ ക്ഷയരോഗ മുക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷയരോഗ മുക്ത ഭാരതം എന്ന പ്രചരണത്തില്‍ പങ്കാളികളാകാന്‍ കുട്ടികള്‍ അടക്കം നിരവധി പേര് മുന്നിട്ടിറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന് കി ബാത്തിന്റെ 102-ാം എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025-ഓടെ ക്ഷയരോഗമുക്ത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്. ടിബി എന്നു കേള്‍ക്കുമ്പോള്‍ തന്നെ കുടുംബാംഗങ്ങള്‍ പോലും അകന്നു പോകുന്ന കാലംമാറി. ഇന്ന് കുട്ടികളും യുവാക്കളും ടിബി രോഗികളെ പരിചരിക്കാന്‍ മുന്നിട്ടിറങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മന് കി ബാത്തിലൂടെ രാജ്യത്തിലെ പൗരന്മാരുമായി നേരിട്ട് സംസാരിക്കുകയും രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നു. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മന് കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ 3-ന് ആരംഭിച്ച മന് കി ബാത്ത് 102 എപ്പിസോഡുകള്‍ പിന്നിട്ടു.
നമ്മുടെ രാജ്യം കായികലോകത്ത് തന്ത്രപ്രധാനമായ നേട്ടങ്ങള്‍ കൈവരിച്ചു. വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീം ആദ്യമായി നേടുകയും ത്രിവര്‍ണപതാകയുടെ പ്രതാപം ഉയര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങളായി ഇന്ത്യ വികസിപ്പിച്ചെടുത്ത ദുരന്തനിവാരണ സംവിധാനത്തിന്റെ കരുത്ത് ബിപോര്‍ജോയ് ചുഴലികാറ്റിനെ നേരിടുന്നതില്‍ പ്രകടമായിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.


