കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന മൗലാനാ ആസാദ് മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാള്‍, മറ്റു മതചിഹ്നങ്ങള്‍ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജര്‍ പി. മണിവന്നന്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനത്തെ കുറിച്ച് അറിയിച്ചത്. കര്‍ണാടക ഹൈക്കോടതി ഇത്തരം മതചിഹ്നങ്ങള്‍ സ്കൂളുകളില്‍ നിരോധിച്ചതിനാല്‍ ന്യൂനപക്ഷ സ്കൂളുകളിലും നിയമം ബാധകമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍, കോളേജുകള്‍, മൗലാന ആസാദ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍, എന്നിവിടങ്ങളിലൊക്കെ നിരോധനം ബാധകമാക്കിയാണ് ഉത്തരവ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച തീരുമാനം പ്രശ്ന കലുഷിത സാഹചര്യം സൃഷ്ടിച്ചിരിക്കേയാണ് ന്യൂനപക്ഷ സ്ഥാപനങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ശിവമോഗ ജില്ലയില്‍ നിരോധന ഉത്തരവ് ലംഘിച്ചതായി കാണിച്ച് ഒമ്പത് പേര്‍ക്കെതിരെ സെക്ഷന്‍ 144 പ്രകാരം കേസെടുത്തു. ഹിജാബ് നിരോധിച്ചതിനെതിരെ ജില്ലാ ആസ്ഥാനത്തെ പിയു കോളേജ് അധികൃതര്‍ക്കെതിരെ സമരം നടത്തിയതിനാണ് നടപടി സ്വീകരിച്ചത്.
അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. വെള്ളിയാഴ്ച ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിലും ഇടക്കാല ഉത്തരവുണ്ടായില്ല. ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാര്‍ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദേശം.
ഹിജാബ് നിരോധനം കര്‍ശനമാക്കിയതോടെ ഓണ്‍ലൈന്‍ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഞ്ചു ദിവസമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുകയാണ്. സംഘര്‍ഷങ്ങള്‍ തണുപ്പിക്കാന്‍ തെക്കന്‍ ജില്ലയില്‍ ഫെബ്രുവരി 19 വരെ കാമ്പസുകള്‍ക്ക് സമീപം പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.