അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാന്‍ തെലങ്കാന മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ സ്കൂളുകള്‍, ജൂനിയര്‍, ഡിഗ്രി കോളജുകള്‍ എന്നിവിടങ്ങളിലെ ഫീസ് നിയന്ത്രിക്കാനും തീരുമാനമായി. തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
വിഷയങ്ങള്‍ പഠിക്കുന്നതിനും മാര്‍ഗരേഖ തയ്യാറാക്കുന്നതിനുമായി വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ ഉപസമിതിയെയും രൂപീകരിച്ചു.
സര്‍ക്കാര്‍ സ്കൂളുകളില്‍ മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുമായി 7289 കോടി രൂപ ചെലവില്‍ ‘മനവൊരു മന ബദി’ (നമ്മുടെ ഗ്രാമം, നമ്മുടെ സ്കൂള്‍) പദ്ധതിക്കും യോഗത്തില്‍ മന്ത്രിസഭ അംഗീകാരം നല്കി. പഠന മാധ്യമം ഇംഗ്ലീഷിലാണെങ്കില്‍, ഗ്രാമീണ മേഖലയിലെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ അയയ്ക്കാന്‍ തയ്യാറാകുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. അതിനാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് പഠന മാധ്യമമാക്കാനും അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും തീരുമാനമായി.
പ്രൈമറി തലത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ വിദ്യാഭ്യാസം നല്‍കാനും സ്കൂളിലെ അന്തരീക്ഷം കുട്ടികള്‍ക്ക് ആകര്‍ഷകമാക്കാനും വൃത്തിയും വെടിപ്പുമുള്ളതാക്കാനും ഉച്ചഭക്ഷണം മെച്ചപ്പെടുത്താനും അധ്യാപകരെ പരിശീലിപ്പിക്കാനും കര്‍മ്മ പദ്ധതി തയ്യാറാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


