മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണം. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മല്ലപ്പള്ളിയില്‍ കുടുങ്ങിയവരെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്കി. ജനങ്ങള്‍ അധികൃതരുമായി സഹകരിക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
എട്ടു ഡാമുകളില്‍ റെഡ് അലര്‍ട്ട്, രണ്ടെണ്ണത്തില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. എന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജലനിരപ്പ് എട്ടടി കൂടി ഉയര്‍ന്നാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. പരമാവധി വൈദ്യുതോല്‍പ്പാദനം നടക്കുന്നുണ്ട്. വേണ്ടി വന്നാല്‍ ഉല്പാദനം കൂട്ടും. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയി തുടങ്ങിയത് ആശ്വാസമാണെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
അറബിക്കടലില്‍ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാംപുകള്‍ അതിവേഗം തുടങ്ങാന്‍ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ (DSC) ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയര്‍ഫോഴ്സ്നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്കി. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്.


