ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേ ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഈ വിഷയത്തില്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു.
ഇതിന്റെ ഭാഗമായാണ് വെള്ളപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പികെ കൃഷ്ണദാസിന്റെ പ്രതികരണം.
അതേസമയം, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമന വിഷയത്തില്‍ വെള്ളാപ്പള്ളി സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ മുസ്ലീം ലീഗ് ഇടതുപക്ഷത്തെ പിന്തുണച്ചത് ലീഗും ഇടത് പക്ഷവും തമ്മില്‍ മുഹബ്ബത്തിലായത് കൊണ്ടാണെന്ന് കൃഷ്ണ ദാസ് വിമര്‍ശിച്ചു.
എന്നാല്‍, ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ വെള്ളാപ്പള്ളി നടേശന് തയാറായില്ല. തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന് പിണറായിക്കും ഇടതുപക്ഷത്തോടൊപ്പം നിലപാടെടുത്തു നില്‍ക്കുന്നത് ബിജെപിയെ സമ്മര്‍ദത്തിലാക്കിയിരുന്നു.