പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികള്‍. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.
പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യും. അതേസമയം, പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓണ്‍ലൈനായി തുടങ്ങും.
2004ലും പിന്നീട് 2009-ലും, തുടര്‍ച്ചയായി രണ്ടു ലോക്സഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ബിജെപിക്കിനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്ന് വിധി എഴുതിയവരുണ്ട്. ഒരു ദശാബ്ദത്തിനിപ്പുറം, 2014 ല്‍, അങ്ങ്, ഗുജറാത്തില്‍ നിന്ന്, ബിജെപിയെ ഒറ്റയ്ക്ക് തോളിലേറ്റി, നരേന്ദ്ര മോദി എന്ന നായകന് ഇന്ദ്രപ്രസ്ഥത്തിലേക്ക് പടനയിച്ചപ്പോള്‍, ചരമക്കുറിപ്പെഴുതിയവരുടെ കണ്ണു തള്ളി.
ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്ന ബിജെപി, മുന്നണിക്കൊപ്പം നേടിയത് 336 സീറ്റുകള്‍. സമാനതകളില്ലാത്ത ചരിത്ര വിജയത്തിലേക്ക് ഊര്‍ജം പകര്‍ന്നത് നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലപ്പൊക്കത്തേക്ക് നരേന്ദ്ര ദാമോദര്‍ദാസ് മോദി വളര്‍ന്നുയര്‍ന്നത് സ്വന്തം പ്രയക്നം ഒന്നുകൊണ്ടു മാത്രമാണ്.
1950 സെപ്തംബര്‍ 17 ന് ഗുജറാത്തിലെ മെഹ്സാനയില്‍ ദാമോദര്‍ദാസ് മുള്‍ചന്ദ് മോദിയുടെയും ഹീരാബെന്നിന്റെ ആറുമക്കളില്‍ മൂന്നാമനായി ജനനം. ചായക്കച്ചവടമായിരുന്നു അച്ഛന്റെ ഉപജീവന മാര്‍ഗം. ലക്ഷ്യബോധവും അതിന് വേണ്ടി പോരാടാനുള്ള മനസും, മോദിക്കുമുന്നിലെ കടമ്പകളെ ഓരോന്നായി ഇല്ലാതാക്കി.
ആര്‍എസ്എസ് കാര്യാലയത്തിലെ സഹായിയില്‍നിന്ന് തുടങ്ങി, ബിജെപിയുടെ ഗുജറാത്ത് ജനറല്‍ സെക്രട്ടറി, ദേശീയ സെക്രട്ടറി, 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രി. കണക്ക് കൂട്ടിയും കുറച്ചുമാണ് പ്രധാനമന്ത്രി പദം വരെ നരേന്ദ്ര മോദി വളര്‍ന്നത്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ സാധാരണക്കാര്‍ക്കും എത്തിപ്പിടിക്കാവുന്ന നേട്ടങ്ങള്‍ക്ക് പരിധികളില്ലെന്നതാണ് നരേന്ദ്ര മോദി പകരുന്ന പാഠം.


