കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.
പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. വി.ടി.ബല്‍റാം എംഎല്‍എ, പി.സരിന് എന്നിവരെ പൊലീസ് വളഞ്ഞിട്ടടിച്ചു. ബല്‍റാമിന്റെ തലയ്ക്കാണ് പരുക്ക്. കോട്ടയത്തും സംഘര്‍ഷം, ബാരിക്കേഡ് ചാടിക്കടന്നവരെ ലാത്തിക്കടിച്ചു. ജലീലിന്റെ രാജിക്കായി കൊച്ചി എന്‍ഐഎ ഓഫിസിനു മുന്നിലും പ്രതിഷേധം. കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോട്ടയത്ത് ബാരിക്കേഡ് ചാടിക്കടന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധിച്ചെത്തിയ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്തും മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധ രംഗത്തുള്ളത്.
മന്ത്രി കെ.ടി. ജലീലിനെ എന്‍.ഐ.എ. ആറു മണിക്കൂറായി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. രാവിലെ ആറുമണിക്ക് സ്വകാര്യ കാറിലാണ് മന്ത്രി രഹസ്യമായി എന്‍ഐഎ ഓഫിസിലെത്തിയത്. ചോദ്യം ചെയ്യലിന് മന്ത്രി ജലീല്‍ മുന്നോട്ടുവച്ച രണ്ട് ആവശ്യവും എന്‍ഐഎ തള്ളി. ഓണ്‍ലൈനില്‍ ചോദ്യം ചെയ്യണം അല്ലെങ്കില്‍ ചോദ്യം ചെയ്യുന്നത് രാത്രി വേണം എന്നീ ഉപാധികളാണ് തള്ളിയത്.


