നിയമസഭാ പ്രവേശത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഉമ്മന്‍ ചാണ്ടിയുടെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ഉമ്മന്‍ ചാണ്ടി ഇപ്പോഴും പുതുപ്പള്ളിയിലെ എംഎല്‍എ ആണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളുടെ കണക്ക് നോക്കിയാല്‍ കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹം കേരളത്തിലില്ല. ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് അദ്ദേഹം.
കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാറാകുമ്പോഴേക്കും ഉമ്മന്‍ ചാണ്ടി വീണ്ടും കേരളത്തിലെ പ്രധാന ചര്‍ച്ചയായി മാറുകയാണ്. അദ്ദേഹത്തിന്റെ എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്നത് ഈ സമയത്ത് തന്നെ ആയി എന്നതും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചയില്‍ തന്റെ സ്ഥാനം അദ്ദേഹം നിര്ണയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്.
രാഷ്ട്രീയക്കാരുടെ ഒസി, പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ 5 പതിറ്റാണ്ട് കൊണ്ട് രൂപപ്പെട്ട ഈ മൂന്ന് വിശേഷണങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ വായിച്ചെടുക്കാം. അതിജീവന കലയുടെ ആചാര്യനെന്ന് വിളിച്ചവര്‍, ജനകീയതയുടെ പകര്‍പ്പുകളില്ലാത്ത പ്രതിനിധിയെന്നെ് വിലയിരുത്തുന്നവര്‍, നയചാതുരിയുടെ പര്യായയമായി കണ്ടവര്‍, ഇങ്ങനെയെല്ലാമാണ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി. 1970 സെപ്റ്റംബറില്‍ അന്ന് 26 വയുസുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പുതുപ്പള്ളിയില്‍ ജയിച്ച് കയറിയത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം തവണ വെറും രണ്ട് സീറ്റിന്റെ ബലത്തില്‍ അധികാരമേറ്റ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അഞ്ചാണ്ട് തികച്ചത് അമരക്കാരന്റെ നയതന്ത്ര മികവ് ഒന്നുകൊണ്ട് മാത്രമാണ്.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ രണ്ട് വലിയ റെക്കോര്‍ഡുകള്‍ അധികമകലെയല്ലാത്ത രണ്ട് മണ്ഡലങ്ങളാണ് പാലായും പുതുപ്പള്ളിയും. ഒരേ മണ്ഡലത്തില്‍ നിന്ന് 13 തവണ ജയിച്ച കെ.എം മാണിയും, 11 തവണ ജയിച്ച ഉമ്മന്‍ ചാണ്ടിയും. ഏത് പ്രതിസന്ധിയുടെ കാലത്തും പുതുപ്പള്ളി ഉമ്മന്‍ചാണ്ടിയെ കൈവിട്ടില്ല. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാവ്, ആന്റണി ഗ്രൂപ്പ് മാനേജര്‍, മന്ത്രി, യുഡിഎഫ് കണ്‍വീനര്‍, ഒടുവില്‍ ആന്റണിക്ക് പകരക്കാരനായി മുഖ്യമന്ത്രി, പിന്നെ പ്രതിപക്ഷ നേതാവ്, 2011ല്‍ വീണ്ടും മുഖ്യമന്ത്രി അങ്ങനെ നീളുന്നു ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്ട്രീയ സപര്യ.
കോണ്ഗ്രസിലങ്ങനെ പലതലമുറകളുടെ നേതാവായി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയത്തിലെ ഉമ്മന്‍ ചാണ്ടി ശൈലി യഥാര്‍ഥത്തില്‍ വിമര്ശാനാത്മകവുമാണ്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ ജനകീയത എതിരാളിക്ക് പോലും അംഗീകരിക്കേണ്ടി വരും. അധികാരത്തിലിരിക്കെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ 12 ലക്ഷം പരാതികള്‍ നേരിട്ട് കേട്ട് തീര്‍പ്പാക്കിയ മുഖ്യമന്ത്രി. വിമര്‍ശനങ്ങള്‍ക്കിടയിലും അനേകം മനുഷ്യര്‍ നിരയായി തിങ്ങിനിറഞ്ഞെത്തിയപ്പോള് പരിഹാരത്തിന് ഇടവേളയിട്ടില്ല ഉമ്മന്‍ ചാണ്ടി. അധികാരപദങ്ങളില് അങ്ങനെയൊരു ഒസി മാജിക്കുണ്ട്. അതങ്ങനെ എളുപ്പത്തില്‍ അവഗണിച്ച് തള്ളാനാകില്ല. ഇനി ഉമ്മന്‍ ചാണ്ടി ഇതുവരെ ഇരിക്കാത്ത ഒരു പ്രധാന കസേരയെപ്പറ്റിക്കൂടി പറയാം. അത് കെപിസിസി പ്രസിഡന്റ് പദവിയാണ്.
കേരളത്തിലെ ഇപ്പോഴത്തെ ഒട്ടുമിക്ക ഒന്നാം നിര കോണ്‍ഗ്രസ് നേതാക്കളേയും പോലെ ഉമ്മന്‍ ചാണ്ടിയും കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ്. കെഎസ്യുവിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാകുന്നത് 1962-63 കാലത്താണ്. തൊട്ടടുത്ത വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാന പ്രസിഡന്റും ആയി. ഇതിന് പികറേ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും ആയി ഉമ്മന്‍ ചാണ്ടി. കെഎസ് യു സംസ്ഥാന പ്രസിഡന്റ് പദവിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയും ഉമ്മന്‍ ചാണ്ടി ഏറ്റെടുത്തത് എകെ ആന്റണിയുടെ കൈയ്യില്‍ നിന്നാണ് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു.

പുതുപ്പള്ളിയുടെ അര നൂറ്റാണ്ട്:
അര നൂറ്റാണ്ടുകാലും ഒരു മണ്ഡലത്തെ തന്നെ പ്രതിനിധീകരിച്ച എംഎല്‍എമാര്‍ കേരള ചരിത്രത്തില്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമാണ്. പാലാ മണ്ഡലത്തില്‍ കെഎം മാണി അരനൂറ്റാണ്ട് തികച്ച ആളാണ്. അതുപോലെ 2020 ഓടെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തില്‍ അര നൂറ്റാണ്ട് തികയ്ക്കുകയാണ്. 1970 മുതല്‍ 2020 വരെയുള്ള അമ്പത് വര്‍ഷങ്ങള്‍…
ആദ്യത്തെ മത്സരം- 1970:
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ അതേ വര്‍ഷം തന്നെയാണ് ഉമ്മന്‍ ചാണ്ടി നിയമസഭ തിരഞ്ഞെടുപ്പിലെ തന്റെ കന്നിയങ്കത്തിന് ഇറങ്ങുന്നത്. അന്ന് പ്രായം വെറും 27 വയസ്സ് മാത്രം. പുതുപ്പള്ളിയിലെ സിറ്റിങ് എംഎല്‍എ ഇഎം ജോര്‍ജ്ജ് ആയിരുന്നു എതിര് സ്ഥാനാര്‍ത്ഥി. 1967 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് സിപിഎം പിടിച്ചെടുത്ത മണ്ഡലം ആയിരുന്നു പുതുപ്പള്ളി.
34-ാം വയസ്സില്‍ മന്ത്രി:
27-ാം വയസ്സില്‍ എംഎല്‍എ ആയ ഉമ്മന്‍ ചാണ്ടി 34-ാം വയസ്സില്‍ മന്ത്രിയുമായി. 1977 ല്‍ കരുണാകരന് മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വന്ന ആന്റണി മന്ത്രിസഭയിലും ഇതേ പദവി നിലനിര്‍ത്തി. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് മാസം വരെ നാല് മാസക്കാലം ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു.
ആന്റണിയ്ക്കൊപ്പം, ഇടതിനൊപ്പം:
പാര്‍ട്ടി സ്ഥാനങ്ങള്‍ പലതും എകെ ആന്റണിയുടെ പിറകേ കിട്ടിയ ആളാണ് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ കരുണാകരന് – ആന്റണി ഗ്രൂപ്പുകളില്‍ കോണ്‍ഗ്രസ് പിരിഞ്ഞുനിന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി ആന്റണിയ്ക്കൊപ്പമായിരുന്നു. ആന്റണി കോണ്‍ഗ്രസ് വിട്ട് ഇടതിനൊപ്പം നിന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയും കൂടെ നിന്നു. അധികം വൈകാതെ ആന്റണിയ്ക്കൊപ്പം തിരികെ കോണ്‍ഗ്രസ്സിലേക്ക് പോവുകയും ചെയ്തു.
മുഖ്യമന്ത്രിയാകാന്‍…
വകുപ്പുകള്‍ പലതും കൈയ്യാളിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ അദ്ദേഹത്തിന് അതുവരെ കഴിഞ്ഞിരുന്നില്ല. 2001 ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ ചാണ്ടി യുഡിഎഫ് കണ്‍വീനര്‍ ആയി. 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫും കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞപ്പോള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം എകെ ആന്റണിയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. അതിന്റെ പേരില്‍ രാജിവയ്ക്കേണ്ടിയും വന്നു.
ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാരോഹണം:
അതുവരെ ആന്റണിയുടെ സ്വന്തം ആളായിരുന്നു ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയപ്പോള്‍ യുഡിഎഫ് കണ്‍വീനറും ആയിരുന്നു. പക്ഷേ, ആന്റണിയ്ക്ക് പകരം മുഖ്യമന്ത്രിക്കസേരെ കൈയ്യാളിയതും ഉമ്മന്‍ ചാണ്ടി തന്നെ. അങ്ങനെ ഏതാണ്ട് ഒന്നര വര്‍ഷക്കാലം ആദ്യ ടേമില്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കായി.
പ്രതിപക്ഷ നേതാവ്:
2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും പച്ചതൊട്ടില്ല. ഭരണം നഷ്ടപ്പെട്ടതോടെ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായി. അപ്പോഴേക്കും എകെ ആന്റണി കേരള രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അഞ്ച് വര്‍ഷം ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായി.
അഞ്ച് വര്‍ഷം തികച്ചു:
2011 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കഷ്ടിച്ച് അധികാരത്തില്‍ എത്തുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയും വിജയിച്ച് എംഎല്‍എ ആയിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉമ്മന്‍ ചാണ്ടിയ്ക്ക് വലിയ മത്സരം ഒന്നും നേരിടേണ്ടി വന്നില്ല. വിജിലന്‍സും ആഭ്യന്തരവും ഒക്കെ ആദ്യം ഭരിച്ചെങ്കിലും പിന്നീട് അതെല്ലാം വിട്ടുകൊടുക്കേണ്ടി വന്നു എന്നതും ചരിത്രം.
വിവാദകാലം:
ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദകാലം ആയിരുന്നു മുഖ്യമന്ത്രിക്കാലം. സോളാറും ടൈറ്റാനിയവും ഉള്‍പ്പെടെ കേസുകളും ആരോപണങ്ങളും നിറഞ്ഞുനിന്ന കാലം. സോളാര്‍ കേസില്‍ ലൈംഗികാരോപണം പോലും നേരിടേണ്ടിവന്നു. സോളാര്‍ കമ്മീഷന് മുന്നില്‍ 14 മണിക്കൂറോളം വിചാരണയ്ക്കും ഹാജരാകേണ്ടി വന്നു.
പ്രതിപക്ഷ നേതാവാകാന്‍ നിന്നില്ല:
2016 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ്സും യുഡിഎഫും പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു അത് എന്നാണ് പറയുന്നത്. അതിന് ശേഷം അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതനാവുകയും ആന്ധ്ര പ്രദേശിന്റെ ചുമതല വഹിക്കുകയും ചെയ്തു.
അമ്പതാം വാര്‍ഷികം വന്ന സമയം:
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന ചോദ്യവും ഉയര്‍ന്നുതുടങ്ങി. കൃത്യസമയത്ത് ഉമ്മന്‍ ചാണ്ടിയുടെ എംഎല്‍എ സ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികവും എത്തി. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഏറ്റവും അധികം ആഘോഷിക്കുന്ന രാഷ്ട്രീയ നേതാവായി ഉമ്മന്‍ ചാണ്ടി മാറുകയും ചെയ്തു.


