തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഫര്‍ലോ ലീവ് പദ്ധതി നിര്‍ത്തിവച്ചു. പദ്ധതി ലാഭകരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. പകുതി ശമ്പളം നല്കി ജീവനക്കാരെ മാറ്റി നിര്‍ത്തുന്ന കെഎസ്ആര്‍ടിസിയുടെ പദ്ധതിയാണ് ഹര്ലോ ലീവ്. ഇതേ തുടര്‍ന്ന് ദീര്‍ഘ കാല അവധിയില്‍പോയ ജീവനക്കാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്കി.
25,000 ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ വെറും 100 പേര് മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. ശമ്പള ചെലവ് കുറക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തിരികെ പ്രവേശിക്കുന്നതിനായി മൂന്ന് മാസത്തെ സാവകാശമാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. മെയ് 14ന് ഉള്ളില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പകുതി ശമ്പളം വാങ്ങി ദീര്‍ഘകാല അവധിയില്‍ പോകാമായിരുന്നു. ഡ്രൈവര്‍മാരെ പദ്ധതിയില്‍ പെടുത്തിയിരുന്നില്ല. തൊഴിലാളി സംഘടനകളുമായി 2022 ഡിസംബറില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്.


