രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തില്‍. യാത്രക്ക് ലഭിച്ച വലിയ സ്വീകാര്യത അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ജനുവരി 26 ന് കശ്മീരില്‍ യാത്ര സമാപിക്കും.
യാത്രയുടെ നൂറാം ദിനം പ്രമാണിച്ച് വലിയ ആഘോഷ പരിപടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ജയ്പൂരില്‍ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. യാത്ര നൂറു ദിവസം പിന്നിടുമ്പോള്‍, സംഘടനാപരമായി വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതായി കോണ്‍ഗ്രസ് വിലയിരുത്തുന്നു.
സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര ഇതിനോടകം 2800 കിലോമീറ്റര്‍ പിന്നിട്ടു. ഏഴ് സംസ്ഥാനങ്ങള്‍ കടന്ന് രാജസ്ഥാനിലാണ് ഇപ്പോഴത്തെ പര്യടനം.
വിവിധ സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടി പ്രതിനിധികള്‍ യാത്രക്കൊപ്പം അണിചേര്‍ന്നതും യാത്ര വിജയമാണെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തലും നേട്ടമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു. ബിജെപി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ യാത്രയിലെ ജനപങ്കാളിത്തം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം യാത്രയിലേക്ക് ഒഴുകിയെത്തിയ ഈ ജനസഞ്ചയം വരാനിരിക്കുന്ന നിയമസഭാ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വോട്ടായി മാറുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.


