തിരുവനന്തപുരത്ത് ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനര്‍. തിരുവനന്തപുരം സംസ്കൃത കോളജിലാണ് ഗവര്‍ണര്‍ക്കെതിരെ ബാനര്‍ സ്ഥാപിച്ചത്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനോടും മറ്റ് അധികൃതരോടും വിശദീകരണം തേടാന്‍ രാജ്ഭവന് നിര്‍ദേശം നല്കി. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സര്‍വകലാശാല രജിസ്ട്രാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്.
സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് കവാടത്തില്‍ നിന്നും ബാനര്‍ അഴിച്ചുമാറ്റി. ‘ഗവര്‍ണറിന്റെ തന്തേടെ വകയല്ല രാജ്ഭവന്’ എന്നായിരുന്നു ബാനറിലെ അധിക്ഷേപകരമായ വാചകങ്ങള്‍.
കഴിഞ്ഞ ദിവസമാണ് കോളജ് കവാടത്തില്‍ ബാനര്‍ സ്ഥാപിച്ചത്. ബാനര്‍ ശ്രദ്ധയില്‍പ്പെട്ട രാജ്ഭവന് ഉദ്യോഗസ്ഥര്‍ വിസിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിസി റജിസ്ട്രാര്‍ വഴി പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്. സംഭവത്തില്‍ എസ്എഫ്ഐ ഭാഗത്ത് നിന്നും മറ്റ് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.


