പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസ് നടത്തിപ്പിനായി നല്കിയ ബസുകളില്‍ രണ്ടെണ്ണെത്തിന്റെ മേല്‍ക്കൂര ചോര്‍ന്ന് വെള്ളം ഒലിച്ചിറങ്ങിയത് കണ്ടെത്തിയ സംഭവത്തില്‍ നടപടി. ഇതിന്റെ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡിപ്പോ എഞ്ചിനീയര്‍ സന്തോഷ് സി.എസിനെ സസ്പെന്‍ഡ് ചെയ്തു.
റിസര്‍വ് പൂളില്‍ ആയിരത്തോളം കണ്ടീഷന്‍ ഉള്ള ബസുകള്‍ ഉള്ളപ്പോഴാണ് ഇത് പോലെ തകരാറുള്ള ബസുകള്‍ പരിശോധിക്കാതെ സര്‍വ്വീസിനായി നല്‍കുന്നത്. ഇത് പതിവ് സംഭവമായി മാറിയതോടെയാണ് ആദ്യമായി നടപടി സ്വീകരിച്ചത്.
ശബരിമല സ്പെഷ്യല്‍ സര്‍വ്വീസ് നടത്താനായി അനുയോജ്യമായ ബസുകള്‍ നല്‍കുന്നതിന് വേണ്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസുകളുടെ മെക്കാനിക്കല്‍ കണ്ടീഷന്‍, ബോഡി കണ്ടീഷന്‍, എന്നിവ പരിശോധിച്ച് കുറ്റമറ്റതാക്കി രണ്ട് ചെക്ക് ലിസ്റ്റുകള്‍ തയ്യാറാക്കി തിരുവനന്തപുരം ഡി.സി.പിക്ക് കീഴിലുള്ള 3 ഡിപിസി വര്‍ക്ക്ഷോപ്പ് തലവന്മാര്ക്ക് ചുമതലയും നല്‍കിയിരുന്നു.
തിരുവനന്തപുരം ഡിസിപി പൂളില്‍ നിന്നുള്ള ബസുകളില്‍ മെക്കാനിക്കല്‍ കണ്ടീഷന്‍, ബോഡി കണ്ടീഷന്‍ എന്നിവ പരിശോധിച്ച് ഡിപ്പോ എഞ്ചിനീയറും, അസി. ഡിപ്പോ എഞ്ചിനീയറും റിപ്പോര്‍ട്ട് നല്കിയ ബസുകളാണ് പമ്പയിലേക്ക് അയച്ചത്. ബസുകളുടെ മേല്‍ക്കൂര ചോര്‍ന്ന് വെള്ളം ഒലിക്കുന്ന വിഡിയോ യാത്രക്കാരും, ബസ് ജീവനക്കാരും സിഎംഡിക്ക് അയച്ച് കൊടുത്തതിനെ തുടര്‍ന്നാണ് ഡിപ്പോ എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്തത്.


