കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. പുതിയ കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും ഉമ്മന്‍ചാണ്ടി അറിയിക്കും.
സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിലെത്തി സോണിയ ഗാന്ധിയെ കാണുന്നത്. പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ തീരുമാനത്തിലുള്ള അത്യപ്തിയും ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിക്കും. പാര്‍ട്ടി ദേശീയ നേതൃത്വം സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുനഃസംഘടനയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നാണ് എ, ഐ ഗൂപ്പുകളുടെ നിലപാട്.
ഉപദേശങ്ങള്‍ നല്‍കുക മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുടെ റോള്‍ എന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ പ്രസ്താവനയിലും ഉമ്മന്‍ ചാണ്ടി അതൃപ്തി അറിയിക്കുമെന്നാണ് സൂചന. ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്നെ വേണ്ടത്ര കൂടിയാലോചനകള്‍ പാര്‍ട്ടിയില്‍ ഉണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങളെയൊന്നും പരിഗണിക്കാതെയാണ് നിലവിലുള്ള നേതൃത്വം മുന്നോട്ടു പോകുന്നത്. കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെ സി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും വ്യക്തി താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉചിതമല്ലാത്ത ആളുകളെ സ്ഥാനങ്ങളിലേക്ക് തിരുകികയറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നതും അടക്കമാണ് സോണിയാ ഗാന്ധിക്കു മുന്നിലെത്തുന്ന പരാതികള്‍.


