ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫഗു ചൗഹാന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ നാലാംതവണയാണ് നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. ബിജെപി നേതാക്കളായ താര്‍കിഷോര്‍ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യവനിതയാണ് അവര്‍. കത്തിഹാര്‍ എം.എല്‍.എ താര്‍കിഷോര്‍ പ്രസാദിനെ നിയമസഭാകക്ഷി നേതാവായും ബെത്തിയയില്‍ നിന്ന് വിജയിപ്പിച്ച രേണു ദേവിയെ ഉപനേതാവായും ബിജെപി തിരഞ്ഞെടുത്തിരുന്നു. ബിജെപിക്ക് 18ഉം ജെഡിയുവിന് 12ഉം മന്ത്രിസ്ഥാനമാണ് ലഭിക്കുക എന്നാണ് സൂചന. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ എത്തിയിരുന്നു.
243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 അംഗങ്ങളുടെ ഭൂരിപക്ഷം നേടിയാണ് എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തിയത്. അതേസമയം നാലാം വട്ടം മുഖ്യമന്ത്രിയാകുമ്പോള്‍ മുന്പത്തേക്കാള് ദുര്‍ബലനാണ് നിതീഷ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റം ഭരണമുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായി ബിജെപിയെ മാറ്റിയിട്ടുണ്ട്.
അതിനാല്‍ നിര്‍ണായക വകുപ്പുകളടക്കം സര്‍ക്കാരിന്റെ നിയന്ത്രണം ബിജെപിയിലായിരിക്കും. മുന്‍സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയും നിതീഷിന്റെ വിശ്വസ്തനുമായിരുന്ന സുശീല്‍ കുമാര്‍ മോദിയെ ഇക്കുറി ബിജെപി സര്‍ക്കാരിന്റെ ഭാഗമാക്കിയിട്ടില്ല. കേന്ദ്രമന്ത്രിയാക്കി സുശീലിനെ ബിജെപി ദേശീയരാഷ്ട്രീയത്തിലേക്ക് മാറ്റും എന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ 74 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ ജെഡിയു 43 സീറ്റില്‍ ഒതുങ്ങിയിരുന്നു.
വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മെവലാല്‍ ചൗധരിഷ ഷീല മണ്ടല്‍ എന്നിവരാണ് നിതീഷ് മന്ത്രിസഭയുടെ ഭാഗമാകുന്ന ജെഡിയു അംഗങ്ങള്‍. മംഗള്‍ പാണ്ഡേ, രാംപ്രീത് പാസ്വാന് തുടങ്ങി 14 ബിജെപി നേതാക്കളും നിതീഷ് കുമാറിന്റെ മന്ത്രിസഭയില്‍ ചേരും. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയില്‍ നിന്നും സന്തോഷ് മാഞ്ചിയും വികാശീല്‍ ഇന്സാന് പാര്‍ട്ടിയില്‍ നിന്നും മുകേഷ് മല്ലാഹും മന്ത്രിസഭയില്‍ ചേരും.


