സെക്രട്ടേറിയറ്റ് തീപിടിത്തത്തിലെ കേസും ലൈഫ് മിഷന് കേസും അട്ടിമറിക്കാന്‍ ഡിജിപിയേയും ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രി നിയോഗിച്ചെന്ന് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റ് തീപിടിത്തത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ടല്ലെന്നു കണ്ടെത്തിയ ഫൊറന്സിക്് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി. കെമിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കരുതെന്നും നിര്‍ദേശിച്ചു. 2021 വരെ സര്‍വീസുള്ള ഫൊറന്‍സിക് ഡയറക്ടര്‍ നേരത്തേ വിരമിക്കുന്നത് ഭീഷണി മൂലമാണെന്നും ചെന്നിത്തല ആരോപിച്ചു.
സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലെ തീ പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് റിപ്പോര്‍ട്ട് വന്നു. ഇതോടെ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് ആധികാരിക രേഖയായി കോടതിയില്‍ പരിഗണിക്കും. ഷോര്‍ട് സര്‍ക്യൂട് അല്ലെങ്കില്‍ എങ്ങനെയാണ് തീപിടിച്ചത്, ആരാണ് തീവച്ചത് എന്നും ചെന്നിത്തല ചോദിച്ചു.
സെക്രട്ടേറിയേറ്റില്‍ നടന്നത് സെലക്ടീവ് തീപ്പിടിത്തമാണ്. റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയ ശേഷം ഒരു ഐജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ കണക്കറ്റ് ശകാരിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത് വലിയ തോതിലുള്ള ഭീഷണിയാണ്. നിഷ്പക്ഷതക്ക് നേരെയുള്ള വെല്ലുവിളിയായി ഈ ഐജി യുടെ നടപടിയെ കാണണം. ഇതിന് ഐജിക്ക് ആരാണ് അധികാരം നല്‍കിയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇതിന് പിന്നിലുണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
കെമിസ്ട്രി വിഭാഗത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കില്‍ കോടതിയില്‍ നല്‍കരുതെന്നും ഐ ജി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണം. ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവുകള്‍ നശിപ്പിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണിത്. ഇതിന് ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഉപയോഗിക്കുന്നു. ഫൊറന്‍സികില്‍ ശാസ്ത്രജ്ഞര്‍ക്ക് പകരം ഡിജിപി റാങ്കിലുള്ളവരെ നിയമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഫോറന്‍സികില്‍ എത്തിയാല്‍ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
സമൂഹത്തിനു മുഴുവന്‍ ദ്രോഹമുണ്ടാക്കുന്ന നടപടിയാണിത്. 2021 വരെ സര്‍വീസ് കാലയളവുള്ള ഫോറന്‍സിക് ഡയറക്ടര്‍ വോളന്ററി റിട്ടയര്‍മെന്റിന് അപേക്ഷ നല്കി. ഇവരെ ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ? ഫോറന്‍സിക് വിഭാഗത്തില്‍ ദിവസ വേതനത്തിന് ആള്‍ക്കാരെ നിയമിക്കുന്നു. തൊണ്ടിമുതല്‍ പരിശോധന അപകടത്തിലാവും. വിജിലന്‍സിനെ ഉപയോഗിച്ച് സിബിഐ അന്വേഷണം അട്ടിമറിക്കുന്നു. ഫയലുകള്‍ നല്‍കാത്തത് കേസ് അട്ടിമറിക്കാനാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. രാത്രി ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് കടത്തിയത് ലൈഫിലെ അഴിമതി മൂടിവെയ്ക്കാനാണ്. കേസ് അട്ടിമറിക്കാനാണ്.
ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ പോരാട്ടം കഥയില്ലാത്തതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി ഒരു ചോദ്യത്തിലും മറുപടി നല്‍കുന്നില്ല. ഇടതു രാഷ്ട്രീയത്തിന് അപചയം സംഭവിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പരിപാടി മുടക്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.


