രാഹുല്‍ ഗാന്ധിയുടെ ‘ഭാരജ് ജോഡോ’ യാത്രയുടെ പേരില്‍ കൊല്ലം കുന്നിക്കോട് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാന്, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ്ഖാന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ ശരിയായ കാഴ്ചപ്പാട് ഇതല്ല, ആരെയും ദ്രോഹിക്കുന്നതല്ല കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കെതിരാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും കെ സുധാകരന് പ്രതികരിച്ചു. അതുകൊണ്ട് അന്വേഷണ വിധേയമായി മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തതായി കെ സുധാകരന് ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ വൈകിട്ടാണ് കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്റെ കടയിലാണ് അക്രമം നടന്നത്. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പിരുവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നല്കി. പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കാനാവൂ എന്ന് അനസ് പറഞ്ഞു. എന്നാല്‍, രണ്ടായിരം തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് തര്‍ക്കമുണ്ടായത്.
പദയാത്രയുടെ പേരില്‍ ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്ന് സംഘാടക സമിതിയിലെ ദേശീയ ഭാരവാഹികള്‍ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.


