അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ച് ബഹ്റൈനും യുഎഇയുമായി ചരിത്ര കരാര്‍ (അബ്രഹാം ഉടമ്പടി) ഒപ്പിട്ട് ഇസ്രയേല്‍. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. മൂന്ന് രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണ് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത്.
സമസ്ത മേഖലകളിലും യുഎഇ-ഇസ്രയേല്‍ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് ഇതോടെ അവസാനമായി. മധ്യപൂര്‍വ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങള്‍ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടന്‍ സ്ഥാപിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയുടെ ഭരണാധികാരികളുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.
ഇസ്രായേലുമായി നയതന്ത്രം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി. ഈജിപ്തും ജോര്‍ഡനുമാണ് നേരത്തെതന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങള്‍. ഇസ്രയേലുമായി യുഎഇയും ബഹ്റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാര്‍ വഴിതുറക്കും.
ഇസ്രയേലുമായി യുഎഇയും ബെഹ്റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിന് കരാര്‍ വഴിതുറക്കും. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന് പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 13നാണ് യുഎഇ, ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് തീരുമാനിച്ചത്. തുടര്‍ന്ന് ഈ മാസം 11 ന് ബഹ്റൈനും യുഎഇയുടെ പാത സ്വീകരിച്ചു.
അതേസമയം, യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടതില്‍ പ്രതിഷേധിച്ച് പലസ്തീനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.


