യോഷിഹിഡെ സുഗ പുതിയ ജപ്പാന് പ്രധാനമന്ത്രി. ജപ്പാന് നിയമനിര്‍മ്മാണ സഭ ഡയെറ്റില് ഭൂരിപക്ഷം നേടിയതോടെയാണ് 71 വയസ്സുകാരനായ സുഗ പ്രധാനമന്ത്രിപദത്തില്‍ എത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
സുഗയുടെ പുതിയ ചുമതലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയട്ടെ എന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ട്വീറ്റിലാണ് മോദിയുടെ ആശംസ. ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി സുഗയെ കഴിഞ്ഞയാഴ്ച്ച തെരഞ്ഞെടുത്തിരുന്നു. ആബെ ക്യാബിനറ്റിലെ പ്രതിരോധ മന്ത്രിയെയും വിദേശകാര്യമന്ത്രിയെയും അദ്ദേഹം മറികടന്നു. എല്‍ഡിപിയിലെ രണ്ട് കക്ഷികളിലും ഒരേപോലെ സമ്മതനായ നേതാവാണ് സുഗ. ഇത് കാര്യങ്ങള്‍ എളുപ്പമാക്കി. ഓഗസ്റ്റ് 28നാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ദീര്‍ഘകാലമായി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന ആബെയുടെ ആശുപത്രി സന്ദര്‍ശനങ്ങള്‍ ജാപ്പനീസ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ജപ്പാനിലെ ഏറ്റവും ദീര്‍ഘകാലം അധികാരത്തിലിരുന്ന ഭരണാധികാരി എന്ന റെക്കോഡ് നേടിയാണ് ഷിന്‍സോ ആബെ പടിയിറങ്ങുന്നത്.
എട്ട് വര്‍ഷമായി ആബെയ്ക്ക് ഒപ്പമുള്ള സുഗ, അദ്ദേഹത്തിന്റെ വലംകൈയ്യായാണ് അറിയപ്പെടുന്നത്. ആബെയുടെ സാമ്പത്തിക നയങ്ങള്‍ തന്നെയാകും സുഗ പിന്തുടരുകയെന്നാണ് ജാപ്പനീസ് ബിസിനസ് ദിനപത്രം നിക്കീ ഏഷ്യന്‍ റിവ്യൂ നിരീക്ഷിക്കുന്നത്. ഡിജിറ്റലൈസേഷന്, ടെലികമ്മ്യൂണിക്കേഷന്‍ രംഗങ്ങളിലാകും താന്‍ ആദ്യം ശ്രദ്ധകൊടുക്കുകയെന്ന് സുഗ പ്രഖ്യാപിച്ചുകഴിഞ്ഞു.


