എം.എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ രംഗത്ത്. ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാം വയസില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല.
സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താന്‍. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തില്‍ നിന്ന് വന്ന് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും അവര്‍ വ്യക്തമാക്കി.
എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ പ്രതികരിച്ചു. സിപിഐ പ്രവര്‍ത്തക ആനി രാജയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ മന്ത്രി എംഎം മണി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രമ.
കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ സിപിഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നാണ് മണി സൂചിപ്പിച്ചത്. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി പറഞ്ഞു. അവര്‍ ഡല്‍ഹിയില്‍ അല്ലേ ഉണ്ടാക്കല്‍, സിപിഐയുടെ പരാമര്‍ശം കാര്യമാക്കുന്നില്ല. ഇന്നലെ തൊടുപുഴയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മണിയുടെ പരാമര്‍ശം.
സിപിഐ പറഞ്ഞത് ഞാന്‍ കാര്യമാക്കുന്നില്ല. ആനി രാജ ഡല്‍ഹിയിലല്ലേ, കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കല്‍. നമ്മള് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്ക്കെങ്ങനെ അറിയാന്‍ സാധിക്കും. ഇനി അവര്‍ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി വ്യക്തമാക്കി.