മൂവാറ്റുപുഴ: നഗരത്തില്‍ നിന്ന് പിടികൂടി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന നായകളില്‍ ഒരു തെരുവ് നായക്ക് പേവിഷബാധ ലക്ഷണമെന്ന് സംശയം. നായയെ നഗരസഭാ വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ കൂടിനുള്ളിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം 9പേരെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്ന് പിടികൂടി നഗരസഭയുടെ മത്സ്യമാര്‍ക്കറ്റില്‍ പ്രത്യേകം തയ്യാറാക്കിയ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിന്ന തെരുവുനായകളില്‍ ഒന്നിനാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.
നായകള്‍ക്ക് മൂവാറ്റുപുഴ വെറ്റിനറി ആശുപത്രിയിലെ വാക്സിനേറ്റേഴ്സാണ് വാക്സിന് നല്കി വരുന്നത്. നഗരസഭാ പരിധിയിലെ മറ്റ് വാര്‍ഡുകളില്‍ നിന്ന് പിടികൂടിയ നായകളെ വാക്സിന് നല്കി വിട്ടയച്ചു. പേവിഷബാധക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും.
വ്യാഴാഴ്ച കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ ആക്രമിച്ച നായ നിരീക്ഷണത്തിലിരിക്കെ ഞായറാഴ്ചയാണ് ചത്തത്. ഇതിന് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു


