ചൈനയുടെ തലസ്ഥാനമായ ബെയ്ജിങില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരം ഓറഞ്ചു നിറത്തില്‍ കാണപ്പെട്ടു. മലിനീകരണം മൂലം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇതോടെ ഏറ്റവും മോശമായ നിലയിലേക്ക് താഴ്ന്നു. പൊടി പടലത്തിന്റെ കനത്ത പാളികള്‍ക്കിടയിലൂടെ നീങ്ങുന്ന യാത്രാക്കാരുടെ ചിത്രങ്ങും പുറത്തു വിട്ടിട്ടുണ്ട്. ബെയ്ജിങിന്റെ അവസ്ഥ എത്രത്തോളം രൂക്ഷമാണെന്ന് ദൃശ്യങ്ങളില്‍ തന്നെ വ്യക്തമാകുന്നതാണ്.
വായു ഗുണനിലവാര സൂചികയില്‍ 999 ആണ് രേഖപ്പെട്ടിരിക്കുന്നത്. ഏറ്റവും അപകടകരമായ നില എന്നാണ് നിരീക്ഷകര്‍ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. സ്ഥിതി വഷളായതിനെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇന്നര്‍ മംഗോളിയയില്‍ നിന്നു വീശിയടിച്ച പൊടിക്കാറ്റാണ് ബെയ്ജിങിന്റെ ഈ അവസ്ഥയ്ക്ക് കാരണം. സാധാരണയായി മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ഗോപി മരുഭൂമിയില്‍ നിന്നു പൊടിക്കാറ്റ് ചൈനയിലേക്ക് വീശിയടിക്കാറുണ്ട്.
വടക്കന്‍ ചൈനയില്‍ വന നശീകരണം കൂടുതല്‍ വ്യാപകമായതും പൊടിക്കാറ്റ് ജനവാസ മേഖലകളില്‍ വലിയ ആഘാതം ഏല്‍പ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.


