കെ എസ് ആര് ടി സിയുടെ നൂതന പദ്ധതിയായ ഫീഡര്‍ സര്‍വിസിനു 16നു തിരുവനന്തപുരത്ത് തുടക്കം.വാഹനപ്പെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് യാത്ര സൗകര്യം ഒരുക്കുക,കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
ഫീഡര്‍ സര്‍വിസുകള്‍ പ്രാവര്‍ത്തികമാകുന്നതോടെ നഗരത്തിലെയും ചെറുപട്ടണങ്ങളിലെയും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലുള്ളര്ക്കു കുറഞ്ഞ ചെലവില്‍ പ്രധാന റോഡുകളിലും ബസ് സ്റ്റോപ്പുകളിലും എത്തുന്നതു സാധ്യമാവും.
ഒരു ഡ്രൈവര്‍ കം കണ്ടക്ടറാണു ഫീഡര്‍ ബസില്‍ ഉണ്ടാകുക. ടിക്കറ്റ് നല്കാന് പ്രത്യേകം കണ്ടക്ടറെ നിയോഗിക്കില്ല. യാത്ര പൂര്‍ണമായും ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമായിരിക്കും. ഉടന്‍ തന്നെ ഫോണ്‍ പേ വഴിയുളള ക്യുആര്‍ കോഡ് ടിക്കറ്റിങ്ങും നടപ്പാക്കും.
കാര്‍ഡ് ഉപയോഗിച്ച് സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ സര്‍വിസുകളിലും യാത്ര ചെയ്യാന്‍ സാധിക്കും. സര്‍വിസ് നടത്തുന്ന പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് കാര്‍ഡിന്റെ വിതരണവും റീചാര്‍ജിങ്ങും ലഭ്യമാക്കും.
ട്രാവല്‍ കാര്‍ഡ് മറ്റുള്ളവര്‍ക്കു കൈമാറ്റം ചെയ്ത് ഉപയോഗിക്കാനാവും. 250 രൂപയ്ക്കു മുകളിലുള്ള റീചാര്‍ജുകള്‍ക്കു 10 ശതമാനം അധിക മൂല്യം ലഭിക്കും. ഏകദേശം 7.5 കിലോ മീറ്റര്‍ ദൂരം വരുന്ന മൂന്ന് ഫെയര്‍ സ്റ്റേജിനു 10 രൂപ മിനിമം വരുന്ന തരത്തിലാണു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പരിഷ്കരിച്ച ഒരു മിനി ബസ് ഉപയോഗിച്ചാണു നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സര്‍വിസ് നടത്തുന്നത്. ബസിനുള്ളിലും പുറത്തും സി സി ടി വി കാമറ, ഡാഷ് കാമറ എന്നീ സുരക്ഷാ സംവിധാനങ്ങളുണ്ടാകും. രണ്ടാം ഘട്ടത്തില്‍ ആറു മുതല്‍ 25 സീറ്റര്‍ വരെയുള്ള വാഹനങ്ങള്‍ ലീസിനെടുത്ത് സര്‍വിസ് നടത്താന്‍ ആലോചനയുണ്ട്.


