നോക്കുകൂലി തര്‍ക്കം കാരണം സ്വന്തം സ്ഥാപനം അടച്ചിടേണ്ടി വന്ന കടയുടമയ്ക്ക് മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലൂടെ ഹൈക്കോടതിയില്‍ നിന്ന് നീതി. കൊല്ലം ബീച്ച് റോഡില്‍ ഇലക്ട്രിക് ഷോപ്പ് നടത്തുന്ന പി.ജെ. ജോസഫാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണു ഉത്തരവ് പുറപ്പെടുവിച്ചത്.
പത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന ജോസഫിന്റെ സ്ഥാപനത്തിലേക്ക് വരുന്ന ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികള്‍ നേരത്തേ ഇറക്കിയിരുന്നതു പ്രദേശത്തെ ചുമട്ടു തൊഴിലാളികള്‍ ആയിരുന്നു. എന്നാല്‍ ശ്രദ്ധയില്ലാതെ സാധനങ്ങള്‍ ഇറക്കുന്നതു കാരണം എസി, ഗ്രൈന്‍ഡര്‍, വാട്ടര്‍ ഹീറ്ററുകള്‍, ഫാന്‍സി ലൈറ്റുകള്‍, ഫാനുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിരന്തരം കേടുപാടുകള്‍ സംഭവിക്കുകയും ലക്ഷങ്ങളുടെ നഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നാണു സ്ഥാപനത്തിലെ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കി തുടങ്ങിയത്.
ഇത് പ്രാദേശിക തൊഴിലാളികള്‍ പുറത്തു നിന്നുള്ളവരുടെ സഹായത്തോടെ എത്തി തടയുകയും സ്ഥാപനത്തില്‍ എത്തി നോക്കു കൂലി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെയും ലേബര്‍ ഓഫിസിന്റെയും സഹായം തേടിയ സ്ഥാപന ഉടമയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ ഇവര്‍ വിസമ്മതിച്ചു.
കൂടാതെ തൊഴിലാളികള്‍ സ്ഥാപനത്തിനു മുന്നില്‍ പലപ്പോഴും ബഹളമുണ്ടാക്കുകയും കടയ്ക്കുള്ളില്‍ വരെ കയറി പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു സ്ഥാപനം മിക്കപ്പോഴും അടച്ചിടുകയും സ്റ്റാഫുകള്‍ക്കു ജോലിയില്ലാതാവുകയുമായിരുന്നു. ഒടുവിലാണു നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ജോസഫ് ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നും സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനമിറക്കാമെന്നും നോക്കുകൂലി ആവശ്യമില്ലെന്നും കോടതി ഉത്തരവായി.
കൂടാതെ എന്തെങ്കിലും തടസം നേരിടുകയാണെങ്കില്‍ പ്രദേശത്തെ പൊലീസ് വേണ്ട സംരക്ഷണം നല്‍കണമെന്നും വിധിയില്‍ പറയുന്നു. വിവിധ ട്രേഡ് യൂണിയന് സംഘടനകള്‍, ജില്ലാ ലേബര്‍ ഓഫിസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരായിരുന്നു എതിര് കക്ഷികള്‍.


