കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനര്‍ നിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് ഉത്തരവ്. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാര്‍ അടുത്ത ദിവസം തന്നെ ഡിവിഷന് ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹര്‍ജി ഫയലില്‍പ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
നിലവില്‍ ക്യാബിനറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിന് ശേഷം ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു മാധ്യമങ്ങളെ കണ്ടേക്കും.
വലിയ രാഷ്ട്രീയ വിവാദത്തിനിടെയാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത്. ഇതിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തന്നെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മേല്‍ കണ്ണൂര്‍ വിസിയെ നിലനിര്‍ത്താനായി സമ്മര്‍ദ്ദമുണ്ടായെന്നും ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ ആരാണ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ഗവര്‍ണര്‍ തുറന്ന് പറഞ്ഞിരുന്നില്ല.
എന്നാല്‍ പുതിയ വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി കണ്ണൂര്‍ വിസിക്ക് പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര് ബിന്ദു ഗവര്‍ണര്‍ക്ക് നല്കിയ കത്ത് വിവിധ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വിസി നിയമനങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതിന് പിറ്റേന്നാണ് മന്ത്രിയുടെ ശുപാര്‍ശക്കത്ത് പുറത്തായത്.
എന്നാല്‍ ഗവര്‍ണറോട് നേരിട്ട് ഏറ്റുമുട്ടേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. നിലവിലുള്ള വിസി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സാഹചര്യത്തിലാണ് പുനര്‍ നിയമനത്തിന് കത്ത് നല്‍കിയതെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.


