കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോര്‍ട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ നിരത്തി ചീഫ് സെക്രട്ടറി കത്തു നല്‍കും. പാര്‍ട്ടിയുടെ അനുമതി തേടിയ ശേഷമാണ് സിഎജിക്കെതിരായ ധനമന്ത്രി തോമസ് ഐസക്കിന്റെ പടയൊരുക്കം.
സിഎജിക്കെതിരെ രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിലാണ് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്ന സിഎജി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തോമസ് ഐസക്ക് പാര്‍ട്ടിയെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമ്പോഴുണ്ടാകുന്ന ഭൂകമ്പം ബോധ്യപ്പെട്ട സിപിഎം സിഎജിക്കെതിരായ രാഷ്ട്രീയ ആക്രമണത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു.
കിഫ്ബിക്കെതിരായ നീക്കം നാടിന്റെ വികസനം തകര്‍ക്കാനെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കേന്ദ്ര ഏജന്‍സികളുടെ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. വികസന പദ്ധതികളെ തകര്‍ക്കാന്‍ സിഎജിയെ ഉപയോഗിക്കുകയാണ്. സിഎജിയുടെ കരട് ഓഡിറ്റ് റിപ്പോര്‍ട്ടിനോടുള്ള വിയോജിപ്പ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയിട്ടില്ല. ജനങ്ങളോട് പറയുകയാണ് ചെയ്തത്. ഇത് ജനം അറിയേണ്ട വിഷയമാണ്. കിഫ്ബിയിലെ എല്ലാ കമ്പ്യൂട്ടറുകളുടേയും പാസ്വേഡ് സിഎജിക്ക് നല്‍കിയിരുന്നു. വികസന പദ്ധതികളെ തകര്‍ക്കാന്‍ കേന്ദ്രം സിഎജിയെ ഉപയോഗിക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കും മന്ത്രി മറുപടി നല്കി. കിഫ്ബി ഭരണഘടനാ വിരുദ്ധമാണോ എന്ന് പ്രതിപക്ഷം പറയണം. സഭാ ചട്ടം ലംഘിച്ചോ എന്ന് സ്പീക്കര്‍ പരിശോധിക്കട്ടെ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളോട് പ്രതിബദ്ധത വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


