സംസ്ഥാനം ലോക്ക് ഡൗണിലേക്ക് വരേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. നിയന്ത്രണങ്ങളിലൂടെ കൊവിഡ് നിരക്ക് നേരത്തെ താഴോട്ട് കൊണ്ടു വന്നിരുന്നു. അതേ ക്രമീകരണത്തില്‍ രണ്ടാഴ്ച കൊണ്ട് നിയന്ത്രിക്കാവുന്നതേയുള്ളെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
മാധ്യമങ്ങള്‍ പോസ്റ്റീവ് ആയ രീതിയില്‍ സാഹചര്യത്തെ എടുക്കണമെന്നും കൃത്യമായ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷനായി ആളുകള്‍ സ്വയം മുന്നോട്ട് വരണം. ഒരു കോടി ഡോസ് കൂടി വാക്സിനേഷന് ഊര്‍ജിതമാക്കാനാകും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പരിശോധനകള്‍ നടത്തുമെന്നും ചീഫ് സെക്രട്ടറി.
45 വയസില്‍ താഴെയുള്ളവര്‍ക്കും പരിശോധന നടത്തും. വാക്സിനേഷന് കാമ്പെയിനുകളും സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതു പോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്ഡോര്‍ പരിപാടികളില്‍ നൂറ്റമ്പതായും പരിമിതപ്പെടുത്തി.
എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷന് സെന്ററുകള്‍ രോഗ വ്യാപനത്തിനിടയാക്കരുത്. അക്കാര്യം അതത് സ്ഥലത്തെ ആരോഗ്യ വകുപ്പും മറ്റും ഉറപ്പാക്കണം. ബോധവത്ക്കരണത്തിന് ഉതകുന്ന സന്ദേശങ്ങള്‍ നല്കാന് മാധ്യമങ്ങള്‍ സ്വമേധയാ തയാറാവണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആള്ക്കാര് കൂടാതെ ശ്രദ്ധിക്കണം.


