നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന്റേതാണെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലായ്പ്പോഴും പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം കൊടുക്കുമെന്ന് പറയാറുണ്ടെങ്കിലും ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കാഴ്ച്ചപ്പാട് പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഇതിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആത്മവിശ്വാസവും രമേശ് ചെന്നിത്തല പ്രകടിപ്പിച്ചു. സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

നിലവില്‍ സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെല്ലാം താല്‍ക്കാലികം മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലിസ്റ്റിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസിലാകും. അഴിമതി ഭരണത്തിനെതിരായ പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒറ്റകെട്ടായി പോരാടണം. യുഡിഎഫിന്റേതാണ് ഏറ്റവും മികച്ച ലിസ്റ്റ്. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലായെന്ന് പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. നേമത്ത് മുരളിയെ മത്സരിപ്പിക്കുന്നത് കൂട്ടായതീരുമാനത്തിന്റെ ഫലമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉണ്ടാവും. എന്നാല്‍ സിപിഐഎമ്മിലെ പ്രതിഷേധത്തിന്റെ അത്രയൊന്നും വരില്ല. ലതികക്ക് സീറ്റ് കൊടുക്കാന്‍ പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടാണ് 9 സീറ്റ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.


