ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര.അഴിമതിയുടെ പൂര്‍ണമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തണമെന്നും കേസിലെ പരാതിക്കാരന് കൂടിയായ അനില്‍ അക്കര പറഞ്ഞു. മുഴുവന്‍ തെളിവുകളും താന്‍ സിബിഐയ്ക്ക് കൈമാറിയ കേസില്‍ ഒരു അറസ്റ്റ് രേഖപ്പെടുത്താന്‍ കേന്ദ്രഏജന്‍സികള്‍ എന്തുകൊണ്ടാണ് വൈകിയതെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണം അനില്‍ അക്കര ആവര്‍ത്തിക്കുന്നുണ്ട്. മുന്‍ തദ്ദേശവകുപ്പ് മന്ത്രി എ സി മൊയ്തീനും അഴിമതിയില്‍ പങ്കുണ്ടെന്ന് അനില്‍ അക്കര പറഞ്ഞു. വലിയ അഴിമതിയും കാട്ടുകൊള്ളയും നടന്ന ലൈഫ് മിഷന് കേസില്‍ ആദ്യമായാണ് ഒരു അറസ്റ്റ് ഉണ്ടാകുന്നത്. പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയും സ്വപ്ന സുരേഷും ശിവശങ്കറും ഉള്‍പ്പെടെയുള്ള ആളുകള്‍ ഗള്‍ഫിലേക്ക് പോയി കരാറുണ്ടാക്കുന്നു. പിന്നീട് നടന്നത് വലിയ തട്ടിപ്പാണ്.
അഴിമതിയുടെ സത്യസന്ധവും പൂര്‍ണവുമായ മുഴുവന്‍ വിവരങ്ങളും ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. എനിക്കെതിരെ വീട് മുടക്കി എന്ന് പ്രചാരണം നടത്തി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഐഎമ്മും സര്‍ക്കാരും ശ്രമിച്ചത്. അറസ്റ്റില്‍ പരാതിക്കാരന് എന്ന നിലയില്‍ സന്തോഷമുണ്ട്. എന്നിരിക്കിലും കേസുമായി ബന്ധപ്പെട്ട് എനിക്ക് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അനില്‍ അക്കര പറഞ്ഞു.
ലൈഫ് മിഷന് കോഴ ഇടപാട് ആരോപണത്തിലെ ആദ്യ അറസ്റ്റാണ് എം ശിവശങ്കറിന്റേത്. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴി ഉള്‍പ്പെടെ എം ശിവശങ്കറിന് എതിരായിരുന്നു.