സമരം തുടരുന്ന പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്ച. പിജി ഡോക്ടര്‍മാര്‍ക്ക് തന്നെ എപ്പോള്‍ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ചര്‍ച്ചയുടെ ഭാഷ്യം നല്‍കേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. പിജി ഡോക്ടര്‍മാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട് അത് അവരെ ബോധ്യപ്പെടുത്തും.
അതേസമയം 4 ശതമാനം സ്റ്റൈപെന്‍ഡ് വര്‍ധനയടക്കം മുന്നോട്ട് വച്ച മുഴുവന്‍ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പിജി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗം അടക്കം മുടക്കികൊണ്ടുള്ള പിജി ഡോക്ടര്‍മാരുടെ സമരം ഇന്ന് 14 ദിവസം കടന്നു.
രാവിലെ 8 ന് ഹൗസ് സര്ജന്മാരുടെ സൂചനാ പണിമുടക്ക് അവസാനിക്കുന്നതോടെ മെഡിക്കല്‍ കോളജ് ഓ.പികളില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ എത്തും. അപ്പോഴും പി ജി ഡോക്ടര്‍മാരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് എല്ലാ മെഡിക്കല്‍ സംഘടനകളും ഒപ്പം ഐഎംഎ യും.
നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം, സ്റ്റൈപന്‍ഡ് വര്‍ധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച. നേരത്തെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്ജന്മാരും പണിമുടക്കിയതോടെയാണ് ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ അയഞ്ഞത്.
ഹൗസ് സര്ജന്മാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടച്ചയായാണ് ഇന്നത്തെ ചര്‍ച്ച. പിജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സര്ജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ചര്‍ച്ച നടത്തിയത്. ആവശ്യങ്ങള്‍ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സര്ജന്മാര്ക്ക് സെക്രട്ടറി ഉറപ്പ് നല്കി. പിന്നാലെ പിജി ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.


