ചലച്ചിത്ര നടന് സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നു. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയിലെടുക്കാന്‍ തീരുമാനമായി. പാര്‍ട്ടി ചുമതല വഹിക്കാത്ത വ്യക്തി കോര്‍ കമ്മിറ്റിയില്‍ എത്തുന്നത് ഒരുപക്ഷെ ഇതാദ്യമാകും. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു. കോര്‍ കമ്മിറ്റിയിലേക്ക് നിര്‍ദ്ദേശിച്ചിരുന്ന ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കോട്ടയത്ത് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗവും ഭാരവാഹി യോഗവും ചേര്‍ന്നിരുന്നു. കമ്മിറ്റി യോഗത്തില്‍ ബിജെപിയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കുന്നതിനെ സംബന്ധിച്ച ആലോചനകളും മറ്റ് ചര്‍ച്ചകളും നടന്നിരുന്നു. നിലവില്‍ പതിനൊന്ന് പേര് അടങ്ങുന്നതാണ് കോര്‍ കമ്മിറ്റി. ഇത് വിപുലീകരിക്കാന്‍ തീരുമാനിച്ചു. അതില്‍ പ്രധാനമായി രണ്ട് പേരുകളാണ് ഉയര്‍ന്നുവന്നത്. സുരേഷ് ഗോപിയുടെ പേരും കോര്‍ കമ്മിറ്റിയില്‍ ഒരു വനിതാ പ്രാതിനിധ്യം ഉണ്ടാകണം എന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാ സുരേന്ദ്രന്റെ പേരുമാണ് പരിഗണിച്ചത്.
എന്നാല്‍, സുരേഷ് ഗോപിയുടെ പേരിന് മാത്രമാണ് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയത്. ശോഭാ സുരേന്ദ്രന്റെ പേരിന് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയില്ല.
ശോഭാ സുരേന്ദ്രന് അംഗീകാരം ലഭിക്കാത്തതിനാല്‍ മറ്റൊരു വനിതാ നേതാവിനെ സംസ്ഥാനത്ത് നിന്ന് തന്നെ പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.


