ധീരജവാന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് വൈശാഖിന്റെ സംസ്കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ നടന്നു. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം ഇന്ന് കുടവട്ടൂര്‍ എല്‍.പി സ്കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ചു. ശഷം സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീരജവാനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് കുടവട്ടുരിലേക്ക് ഒഴുകിയെത്തിയത്. കുടവട്ടൂര്‍ എല്‍പി സ്കൂളിലായിരുന്നു പൊതുദര്‍ശനം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ എന്‍ ബാലഗോപാല്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷും, സുരേഷ് ഗോപിയും ഉള്‍പെടെ ജനപ്രതിനിധികളും അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പാങ്ങോട് സൈനിക ക്യാംപിലായിരുന്നു സൂക്ഷിച്ചിരുന്നത്. അവിടെ നിന്ന് വിലാപയാത്രയായാണ് കുടവട്ടൂരിലേക്ക് കൊണ്ടുവന്നത്.
കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. മറ്റ് മൂന്ന് പേര് പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. രജോരി സെക്ടറില്‍ അതിര്‍ത്തി നുഴഞ്ഞു കയറിയ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ച് ഭീകരവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


