ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും പാലക്കാട് മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. നീരൊഴുക്ക് കൂടിയ പ്രദേശങ്ങളിലെ ഡാമുകളില്‍ നിന്ന് മുന്‍കരുതലായി വെള്ളം തുറന്നുവിട്ടു തുടങ്ങി.
14-10-2021 മുതല്‍ 16-10-2021- ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
15-10-2021 മുതല്‍ 16-10-2021- തെക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപെട്ടി സംഭരണിയില്‍ നിന്ന് ജലം തുറന്നുവിട്ടു. പാലക്കാട് ജില്ലയിലെ ചുള്ളിയാര്‍, മംഗലം എന്നീ ജലസേചന അണക്കെട്ടുകളിലും തൃശൂരിലെ പീച്ചി സംഭരണിയിലും റെഡ് അലര്‍ട്ട് നല്കി. കെ.എസ്.ഇ.ബിക്കുകീഴിലുള്ള ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, കുണ്ടള, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍ സംഭരണികളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ ഡാമുകളില്‍ നിന്ന് മുന്‍കരുതലായി വെള്ളം തുറന്നു വിട്ടുതുടങ്ങി. അറബിക്കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു.


