സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായ 507 ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ആരോഗ്യ വകുപ്പ്. നായകടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട് സ്പോട്ടുകള്‍. പട്ടിക ആരോഗ്യ വകുപ്പ് തദ്ദേശവകുപ്പിന് കൈമാറി.
ആരോഗ്യവകുപ്പ് നല്കിയ പട്ടിക അനുസരിച്ച് 507 ഹോട്ട്സ്പോട്ടുകളില്‍ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ടയിലാണ് 64 എണ്ണം. തൃശൂര്‍ 58, എറണാകുളം 53, ആലപ്പുഴ 39 ഉം ഹോട്ട് സ്പോട്ടുകള്‍ ഉണ്ട്. വയനാട്, പാലക്കാട് ജില്ലകളില്‍ 32 വീതവും ഇടുക്കി തുരുവനന്തപുരം ജില്ലകളില്‍ 31 വീതവും ഹോട്ട് സ്പോട്ടുകളാണ്.
കോഴിക്കോട് ജില്ലയില്‍ 30 ഉം മലപ്പുറം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ 29വീതം ഹോട്ട് സ്പോട്ടുകളും കണ്ടെത്തി. 25 വീതം ഹോട്ട് സ്പോട്ടുകളുള്ള കോട്ടയം കണ്ണൂര്‍ ജില്ലകളാണ് പിന്നില്‍.
കഴിഞ്ഞ ഏഴുമാസത്തിനിടെ ഓരോ ജില്ലയിലും നായകടിയ്ക്ക് ചികിത്സ നല്കിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട്സ്പോട്ടായി നല്‍കിയത്.
ആരോഗ്യവകുപ്പ് നല്കിയ പട്ടികയ്ക്ക് പുറമേ മൃഗങ്ങള്‍ക്ക് നായകടിയേറ്റതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഇന്ന് ഹോട്ട്സ്പോട്ട് ലിസ്റ്റ് നല്‍കും. ഇവ രണ്ടും ക്രോഡീകരിച്ച ശേഷം തദ്ദേശവകുപ്പ് ഹോട്ട് സ്പോട്ടുകളുടെ അന്തിമലിസ്റ്റ് പ്രഖ്യാപിക്കും. ഇത് കൂടാതെ തദ്ദേശസ്ഥാപനങ്ങള്‍ നായകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ട്സ്പോട്ട് കണ്ടെത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


