ഡിസിസി അധ്യക്ഷ പട്ടികയില്‍ സമവായം കണ്ടെത്താനാകാതെ കെപിസിസി നേതൃത്വം. സാധ്യത പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറഞ്ഞു. കഴിവ് മാത്രമായിരിക്കണം മാനദണ്ഡമെന്നും പട്ടികയില്‍ യുവാക്കളുടെ കൂടുതല്‍ പങ്കാളിത്തം വേണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. അതേസമയം വിശദമായ കൂടിയാലോചന നടത്താതെ പട്ടിക തയ്യാറാക്കിയത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ അന്തിമ ചര്‍ച്ചകളിലേക്ക് കടന്നെങ്കിലും ഒറ്റപ്പേരിലേക്ക് എത്തുന്നതില്‍ നേതൃത്വം കുഴയുകയാണ്. പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് കെ. സുധാകരന് ആവര്‍ത്തിക്കുമ്പോഴും ചര്‍ച്ചകള്‍ ഇനിയും നീളുമെന്നാണ് സൂചന.
കെപിസിസി അധ്യക്ഷന്‍ പുറമെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി. സിദ്ദിഖ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ നേതൃത്വം നിര്‍ദേശിക്കുന്നവരെ മാത്രമേ അംഗീകരിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
അതേസമയം കൂടിയാലോചനകള്‍ ഇല്ലാതെ സാധ്യത പട്ടിക കൈമാറിയതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. അതിന് ശേഷം മാത്രമേ കെപിസിസി ഭാരവാഹി പട്ടിക ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളു.


