തിരുവനന്തപുരം: മൗലാന അബുള്‍ കലാം ആസാദിനെ കുറിച്ചുള്ള പാഠഭാഗം സിലബസില്‍ നിന്ന് നീക്കം ചെയ്ത എന്‍സിഇആര്‍ടി നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു അദ്ദേഹം. സിലബസുകളെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം നടപടിയെ കാണാനെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
11-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്‍സിഇആര്‍ടി നീക്കം ചെയ്തിരിക്കുന്നത്. ‘ഭരണഘടന എന്തുകൊണ്ട്, എങ്ങനെ’ എന്ന അധ്യായത്തില്‍ നിന്നാണ് പ്രസ്തുത ഭാഗം നീക്കം ചെയ്തിരിക്കുന്നത്. പകരം ‘ജവഹര്‍ലാല്‍ നെഹ്റു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ പട്ടേല്‍, ബി ആര് അംബേദ്കര്‍ എന്നിവര്‍ ഭരണഘടനാ അസംബ്ലി കമ്മിറ്റികളുടെ അധ്യക്ഷന്മാരായിരുന്നു’ എന്നാണ് പുതുക്കിയ വരിയില്‍ പറയുന്നത്.