ഇന്ധനവില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവും സാമ്പത്തിക വിദഗ്ധനും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ പ്രതികരണം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് പൂര്‍ണ പിന്തുണ നല്കി ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അഭിപ്രായത്തോട് പൂര്‍ണമായും ചിദംബരം യോജിപ്പ് അറിയിച്ചു. ഇതോടെ വിഷയം ആളിക്കത്തിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് തിരിച്ചടിയായി.
കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ എഴുതിയ ലേഖനത്തെ പൂര്‍ണമായി പിന്തുണച്ചാണ് ചിദംബരം ട്വീറ്റ് ചെയ്തത്. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന നികുതിയെക്കുറിച്ച് കേരള ധനമന്ത്രി ചില കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചിദംബരം ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. അത് ശരിയല്ലെങ്കില്‍ വിയോജനക്കുറിപ്പ് പുറപ്പെടുവിക്കുകയാണ് കേന്ദ്രധനമന്ത്രി ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
ജി.എസ്.ടി. പിരിക്കുന്നതിലെ വിവേചനവും കേന്ദ്രസര്‍ക്കാരിന്റെ നികുതികൊള്ളയും വിവരിച്ചാണ് ബാലഗോപാല്‍ വെള്ളിയാഴ്ചയെഴുതിയ ലേഖനം പരാമര്‍ശിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ ചിദംബരത്തിന്റെ ട്വീറ്റുകള്‍. ബാലഗോപാല്‍ ലേഖനത്തില്‍ വിവരിച്ച കണക്കുകള്‍ പ്രത്യേകം എടുത്തു പറഞ്ഞ ചിദംബരം, ഇതാണ് മോദിസര്‍ക്കാരിന്റെ സഹകരണാധിഷ്ഠിത ഫെഡറലിസമെന്നും പരിഹസിച്ചു. ഒരു ഭാഗത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറയ്ക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുംചെയ്യുകയാണ് കേന്ദ്രസര്‍ക്കാരെന്നും ചിദംബരം വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ചിദംബരത്തിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ത്തുന്ന ആക്ഷേപങ്ങളുടെ മുന ഒടിക്കുകയാണ് ചിദംബരം. ഇതോടെ പ്രതികരിക്കാനിറങ്ങി പ്രതിരോധത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍.