അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നുുവെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. നമുക്കതില്‍ റോള്‍ ഇല്ലെന്നും അനുപമയും അച്ഛനും അമ്മയുമായുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. അനുപമയും പി കെ ശ്രീമതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.
താന്‍ വിഷയം എല്ലാവരോടും സംസാരിച്ചതാണെന്ന് പി.കെ ശ്രീമതി അനുപമയോട് ഫോണില്‍ പറയുന്നു. ഇനി തനിക്കൊന്നും ചെയ്യാനാകില്ലെന്നും താന്‍ നിസഹായയാണെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
അതേസമയം, അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെയും സമരം ശക്തമായി തുടരും എന്ന് അനുപമ പറഞ്ഞു. ആരോപണ വിധേയരെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിച്ചു.
ശിശുക്ഷേമ സമിതിക്ക് മുന്പിലെ അനുപമയുടെ സമരം തുടരുകയാണ്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ. എസ് ഷിജു ഖാനെയും സി ഡബ്ല്യു സി ചേര്‍പേഴ്സണ്‍ എന്‍ സുനന്ദയേയും സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിച്ചു. ആരോപണ വിധേയരെ സംരക്ഷിക്കുന്നത് സംഭവത്തിലെ കൂടുതല്‍ ആളുകളുടെ പങ്ക് പുറത്തു വരാതിരിക്കുന്നതിന് ആണെന്നും അനുപമ പറഞ്ഞു.
കേസ് ഒത്തുതീര്‍പ്പ് ആക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും സംഭവത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അനുപമ പ്രതികരിച്ചു. ആവശ്യങ്ങള്‍ ഇനിയും അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് അനുപമയുടെ തീരുമാനം.