ബിഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. പുതിയ സര്‍ക്കാരിന്റെ ഘടന, ഘടകക്ഷികളുടെ പ്രാതിനിത്യം എന്നിവ യോഗത്തില്‍ ചര്‍ച്ച വിഷയമാകും. അതൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറാകുന്ന നിതീഷ് കുമാര്‍ ഇന്നലെ രാത്രി ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി ഫോണില്‍ ചര്‍ച്ച നടത്തി.
എന്‍ഡിഎയുടെ വിജയത്തിന്റെ പൂര്‍ണ അവകാശികള്‍ വോട്ട് ചെയ്ത ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും നിതീഷ് ട്വിറ്ററില്‍ കുറിച്ചു. അതൃപ്തി മാറ്റി വച്ച് മുഖ്യമന്ത്രി ആകാന്‍ നിതീഷ് തയാറാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് പ്രതികരണം. ഇതിന് പിന്നാലെയാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഘടകകക്ഷികള്‍ക്ക് ക്ഷണം ലഭിച്ചത്. ഭുപേന്ദ്രയാദവ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി ഇപ്പോഴും ബിഹാറില്‍ തുടരുകയാണ്. ഉഭയകക്ഷി യോഗത്തിന് ശേഷം നിതീഷ് കുമാറും ഭൂപേന്ദ്ര യാദവും കൂടിക്കാഴ്ച നടത്തും.
പ്രധാനവകുപ്പുകളും സ്പീക്കര്‍ സ്ഥാനവും ബിജെപി ആവശ്യപ്പെട്ട് കഴിഞ്ഞു. ഇക്കാര്യത്തിലെ ചര്‍ച്ചയാകും ഇന്ന് നടക്കുക. അംഗബലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ത്തരുത് എന്നതാകും നിതീഷിന്റെ നിലപാട്. ബിജെപി നേടിയതടക്കമുള്ള സീറ്റുകള്‍ എന്‍ഡിഎയുടെ കൂട്ടായ നേട്ടമാണെന്ന നിലപാടാണ് നിതീഷിനുള്ളത്. ബിജെപി-ജെഡിയു ചര്‍ച്ചയില്‍ ധരണയുണ്ടായാല് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച് നിതീഷ് ഗവര്‍ണറെ കാണും.
മറുവശത്ത് പ്രതിപക്ഷം വോട്ടെണ്ണലില്‍ ക്രമക്കെടെന്ന ആരോപണം ശക്തമായി ഉന്നയിക്കാന്‍ സംയുക്തമായി പരിശ്രമം ആരംഭിച്ചു. കേസുകള്‍ എത്രയും വേഗം കോടതികളുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.


