എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്ത്. ശ്രീനാരായണ വാഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെയാണ് മുസ്ലീംലീഗ് രംഗത്തെത്തിയത്. വെള്ളാപ്പള്ളി നടേശന് പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധതയാണ്. ഉള്ളില്‍ ഉറഞ്ഞുകിടക്കുന്നത് വര്‍ഗീയതയാണ്. ഗുരുവചനങ്ങളെ സ്വന്തം താല്പര്യപ്രകാരം വക്രീകരിക്കുന്നുവെന്നും മുസ്ലീംലീഗ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.
‘മുസ്ലീം പേരിനോട് ഓക്കാനമോ’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള സര്‍വകലാശാലയായിട്ടല്ല സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ നാമം ആലേഖനം ചെയ്തതുകൊണ്ട് കേരള ഓപ്പണ്‍ സര്‍വകലാശാലയുടെ ഉന്നത സ്ഥാനീയനായ വ്യക്തി ഗുരുവിന്റ സമുദായത്തില്‍ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണ്. മുസ്ലീം വി.സിയായതാണ് പ്രശ്നമെങ്കില്‍ അതിന് മാത്രം എന്തടിസ്ഥാനമാണ് ഉള്ളതെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
ഗുരുദേവന്റെ പേരില്‍ സ്ഥാപിച്ച ഓപ്പണ്‍ സര്‍വകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിയ സംസ്ഥാന സര്‍ക്കാര്‍ ശ്രീനാരായണ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തിയിരുന്നു.
സമുദായത്തെ പറ്റിക്കുക മാത്രമല്ല, പിന്നില്‍നിന്നു കുത്തുകയും ചെയ്തു. സര്‍വകലാശാല ഉദ്ഘാടനച്ചടങ്ങിലോ തലസ്ഥാനത്തു ഗുരുദേവപ്രതിമ അനാഛാദനത്തിലോ എസ്എന്‍ഡിപി യോഗത്തില്‍നിന്ന് ആരെയും ക്ഷണിക്കാതെ രാഷ്ട്രീയ മാമാങ്കം നടത്തുകയായിരുന്നു.
മറ്റേതെങ്കിലും സമുദായത്തിന്റെ പേരിലായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ ധൈര്യം കാണിക്കുമോ? ഗുരുദേവ പ്രതിമയും സര്‍വകലാശാലയും സ്ഥാപിച്ചപ്പോള്‍ സമുദായം ആഹ്ലാദിച്ചു. വൈസ് ചാന്‍സലര്‍ നിയമനം നിരാശപ്പെടുത്തി. സര്‍വകലാശാല സ്ഥാപിച്ചതിന്റെ ശോഭ കളഞ്ഞ നടപടി സര്‍ക്കാരിന്റെ പ്രതിഛായയ്ക്കും മങ്ങലേല്പിച്ചു. നിയമനം മന്ത്രി കെ.ടി.ജലീല്‍ ഹൈജാക്ക് ചെയ്തുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.


