പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി. റജിസ്ട്രേഷന് ഏകജാലക സംവിധാനം ഒരുക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ആയിരിക്കും കാലാവധി. പുതിയ വാഹനം വാങ്ങുമ്പോള്‍ റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നല്‍കും.
കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോള്‍ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഹന സ്ക്രാപ് പോളിസി പ്രകാരം 20 വര്‍ഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധി 15 വര്‍ഷമാണ്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് നീക്കുമ്പോള്‍ വാഹന ഉടയമക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവര്‍ക്ക് പിന്നീട് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്ട്രേഷന് ഫീസ് നല്‍കേണ്ടി വരില്ല. മാത്രമല്ല, റോഡ് ടാക്സിലടക്കം ഇളവുകള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് വെഹിക്കിള്‍ സ്ക്രാപേജ് പോളിസി എന്ന പുതിയ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്.
എന്താണ് വെഹിക്കിള്‍ സ്ക്രാപ്പേജ് പോളിസി?
ഒരു വാഹനത്തിന്റെ കാലാവധി നിശ്ചയിക്കുന്നതാണ് ഈ പോളിസി. 20 വര്‍ഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധിയാകട്ടെ 15 വര്‍ഷമാണ്. വിദേശ രാജ്യങ്ങളില്‍ ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ സ്ക്രാപ് യാര്‍ഡ്സിലേക്ക് പോകും. അവിടെ നിന്ന് വാഹനം തകര്‍ത്ത്, സ്റ്റീല്‍, ഇരുമ്പ് പോലുള്ള ലോഹവസ്തുക്കള്‍ എടുത്ത് മറ്റ് പല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കും.
എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഇത്തരമൊരു നിയമം ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ പഴക്കമേറിയ വാഹനങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി പുറത്തു വിട്ടിരുന്നു.
20 വര്‍ഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളാണ് ഇന്ത്യയില്‍ നിരത്തിലോടുന്നത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവില്‍ ഉപയോഗത്തിലുള്ളത്.
എത്ര പഴക്കമുള്ള വാഹനമാണെങ്കിലും ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലായിരുന്നു. ഇതിന് തടയിടുന്നതാണ് പുതിയ തീരുമാനം.


