ലൈംഗിക അധിക്ഷേപം നടത്തിയയെന്ന പരാതിയില്‍ ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളജ് വൈസ് പ്രിന്‍സിപ്പലിന് സസ്പെന്ഷന്. വിദ്യാര്‍ത്ഥികളുടയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും.
ചേര്‍ത്തല എസ്.എച്ച്. നഴ്സിംഗ് കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് വന്നിരുന്നു. ഒരു പരിഷ്കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. ‘മാലാഖ’ എന്ന് വിശേഷിപ്പിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്ന സമീപനമാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളേജിനെതിരെ ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികള്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്.
അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന് തിയറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍ പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.


