യുക്രൈന് സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹം അറിയിച്ചു. റഷ്യക്കെതിരായ യുദ്ധമുഖത്ത് യുക്രൈന് സേനയ്ക്കൊപ്പം ചേര്‍ന്നതായി വിവരം കിട്ടിയ തമിഴ്നാട് കോയമ്പത്തൂര്‍ ഗൗണ്ടം പാളയം സ്വദേശി സായി നികേഷാണ് വീടുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചത്.
ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് സായി നികേഷ്. വിദേശ പൗരന്മാര് ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ സായി നികേഷ് ചേര്‍ന്നുവെന്നായിരുന്നു വിവരം. കോയമ്പത്തൂരില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ സായിക്ക് സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല.
വാര് വീഡിയോ ഗെയിമുകളില്‍ അതീവ തല്‍പ്പരനായ സായി നികേഷ് ഒരു മാസം മുമ്പ് അവധിക്ക് വന്നപ്പോള്‍ തന്നെ യുക്രൈന് സൈന്യത്തില്‍ ചേരുമെന്ന് അമ്മയെ അറിയിച്ചിരുന്നു. പിന്നീട് ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നു. സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്ക്കുന്ന ചിത്രം സായി നികേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. യുദ്ധമുഖത്ത് നില്ക്കുന്ന നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. അഞ്ച് വര്‍ഷത്തെ കോഴ്സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. സായി യുക്രൈന് സൈന്യത്തില്‍ ചേര്‍ന്ന വിവരം പുറത്തായതോടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സായി നികേഷിന്റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തിയിരുന്നു.
യുക്രൈനില്‍ അരലക്ഷത്തിലേറെ സിവിലിയന്മാര് യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ സൈന്യത്തില്‍ ചേര്‍ന്നുവെന്നാണ് വിവരം. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ 18 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാം എന്ന ഉത്തരവ് യുക്രൈന് പ്രസിഡന്റ് ഇറക്കിയിരുന്നു. ഇതിന് പുറമേ പൊതുജനത്തിന് ആയുധങ്ങളുടെ വിതരണവും യുക്രൈന് സര്‍ക്കാര്‍ നടത്തിയിരുന്നു.


