ശശി തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. നാല് വര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയേണ്ടെന്നും ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കില്‍ ഊരി വേച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാല് വര്‍ഷം കഴിഞ്ഞ് താന്‍ ഇന്നതാകുമെന്ന് ഇപ്പോള്‍ ആരും പറയേണ്ട ആവശ്യമില്ല. നാല് വര്‍ഷം കഴിഞ്ഞ് കേരളത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുകയെന്ന് ഇപ്പോള്‍ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കില്‍ ആ കോട്ടുകളൊക്കെ ഊരി വെച്ച്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങണമെന്ന അഭ്യര്‍ത്ഥനയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
തരൂര്‍ അടക്കമുള്ള എംപിമാരുടെ പ്രസ്താവനയ്ക്കെതിരെ കെ മുരളീധരനും കെ സി വേണുഗോപാലും അടക്കമുള്ള നേതാക്കളും രംഗത്തെത്തി. പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. വരാന്‍ പോകുന്ന ലോക്ഭാ തെരഞ്ഞെടുപ്പിനെപ്പറ്റിയാണ് ആലോചിക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ചന്തിക്കേണ്ടി വരില്ലെന്നും കെ മുരളീധരന് അഭിപ്രായപ്പെട്ടു. എന്ത് പറയാനുണ്ടെങ്കിലും പാര്‍ട്ടിയില്‍ പറയണമെന്ന് കെ സി വേണുഗോപാലും പറഞ്ഞു. ഒരു മാസത്തിനിടെ മൂന്ന് തവണ കെപിസിസി യോഗം വിളിച്ചു. കോണ്‍ഗ്രസുകാര്‍ പരസ്പരം പറയുന്നത് ചര്‍ച്ചയാകാന്‍ ഇടവരുത്തരുതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന പ്രസ്താവന വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് പറയുക മാത്രമാണ് ചെയ്തത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണെന്നും തരൂര്‍ പറഞ്ഞു.


