കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടില്ലെ? എങ്കില്‍ ഇനി റേഷനുമില്ല പെട്രോളുമില്ല. ഉത്തരവുമായി ജില്ലാ ഭരണകൂടം. കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടില്ലാത്തവര്‍ക്ക് റേഷന്‍ കടകളില്‍ നിന്ന് പലചരക്കു സാധനങ്ങള്‍ നല്‍കരുതെന്നും പെട്രോളോ പാചക വാതകമോ കൊടുക്കരുതെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഉത്തരവിറക്കിയത്. ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് പ്രതീക്ഷിച്ച രീതിയില്‍ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി.
കോവിഡ് വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്കു മാത്രം റേഷന്‍ സാധനങ്ങള്‍ നല്കിയാല് മതിയെന്നു കാണിച്ച് കളക്ടര്‍ സുനില്‍ ചവാനാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഗ്യാസ് ഏജന്‍സികള്‍ക്കും പെട്രോള്‍പമ്പുകള്‍ക്കും സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന കടയുടമകള്‍ക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ അര്‍ഹരായ മുഴുവനാളുകള്‍ക്കും നവംബര്‍ അവസാനത്തോടെ ആദ്യ ഡോസ് വാക്സിന് നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ഔറംഗാബാദില്‍ ഇതുവരെ 71 ശതമാനം പേരേ ആദ്യഡോസ് വാക്സിന് സ്വീകരിച്ചിട്ടുള്ളൂ. രണ്ടു ഡോസുമെടുത്തത് 24 ശതമാനം മാത്രമാണ്.
ഇവിടുത്തെ ജനസംഖ്യയിലെ വലിയൊരു വിഭാഗം കര്‍ഷകത്തൊഴിലാളികളാണ്. ജോലിക്കു പോകുന്നതു കൊണ്ട് പകല്‍ സമയം വാക്സിനേഷന് കേന്ദ്രങ്ങളിലെത്താന്‍ ഇവര്‍ക്കു കഴിയുന്നില്ല എന്നത് മനസ്സിലാക്കി വൈകുന്നേരങ്ങളില്‍ പ്രത്യേക വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
ഒരു ഡോസ് വാക്സിന് പോലും എടുത്തിട്ടില്ലാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് താനെ നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


