റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. റോഡ് ഷോ ഒരുക്കിയാണ് അനുയായികള്‍ അര്‍ണബിനെ വരവേറ്റത്. ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് വിളിച്ച് അര്‍ണബ് ആവേശത്തില്‍ പങ്കുചേര്‍ന്നു. ഇത് ഇന്ത്യയുടെ വിജയമാണന്നും സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും അര്‍ണബ് പറഞ്ഞു.
അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍, അര്‍ണബിനെയും മറ്റു രണ്ട് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അര്‍ണബ് ഗോസ്വാമിയെ ആത്മഹത്യക്കേസില്‍ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെയും കോടതി വിമര്‍ശിച്ചു. പ്രാഥമികമായി കേസ് നിലനില്‍ക്കുമോ എന്ന് പോലും ഹൈക്കോടതി പരിഗണിച്ചില്ല. വ്യക്തി സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഹൈക്കോടതിക്ക് ബാധ്യതയുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ജാമ്യഹര്‍ജി വ്യാഴാഴ്ച സെഷന്‍സ് കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നത് ശരിയല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിച്ചെങ്കിലും സാങ്കേതികതയുടെ പേരില്‍ ജാമ്യം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.