തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. പേപ്പട്ടികളെയും അപകടകാരികളായ നായകളെയും കൊല്ലാന്‍ കേന്ദ്ര നിയമം അനുവദിക്കുന്നില്ല. തെരുവു നായകളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലാനുള്ള അനുമതി താല്‍ക്കാലികമായെങ്കിലും നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേസില്‍ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും.
കൂടുതല്‍ പേര്, കക്ഷി ചേര്‍ന്നതിനാല്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കേസ് ഇന്നത്തേക്ക് മാറ്റിയത്. ദീപാവലി അവധി കഴിഞ്ഞു കേസ് എടുത്താല്‍ മതിയെന്ന ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. വാക്സിന് സ്വീകരിച്ചിട്ടും പേ വിഷബാധയേറ്റ കുട്ടി മരിച്ച സാഹചര്യമുള്‍പ്പെടെ ഹര്‍ജിക്കാര്‍ നേരത്തെ ചൂണ്ടികാട്ടിയതാണ് കേസ് ഉടന്‍ പരിഗണിക്കാന്‍ കാരണം.
തെരുവ്നായ്ക്കളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൊല്ലാനുള്ള അനുമതി തേടി കണ്ണൂര്‍ ജില്ലാപഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷയിലും സുപ്രിംകോടതി തീരുമാനമെടുക്കും.


