ഡിവൈഎഫ്ഐ നേതൃതലത്തില്‍ മാറ്റം വരുന്നു. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ എഎ റഹീമിനെയാണ് അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസും ദേശീയ സെന്ററിലേക്ക് പോയേക്കും. 2017 ലാണ് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി പിഎ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തത്. അതിനു മുമ്പ് സ്പീക്കര്‍ എംബി രാജേഷായിരുന്നു ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്.
വി.കെ. സനോജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായേക്കും. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയാന്‍ സന്നദ്ധനായത്. ദേശീയ തലത്തിലേക്കു കേരളത്തില്‍ നിന്നുള്ള യുവ നേതാക്കള്‍ വരട്ടെ എന്ന പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് റഹിമും ജെയ്ക്കും ദേശീയതലത്തിലേക്കു പ്രവര്‍ത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അധ്യക്ഷനായാല്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹിം വഹിച്ചിട്ടുണ്ട്.